ജനങ്ങളുടെ നേരിട്ടുള്ള ചോദ്യങ്ങൾകൂടി നിയമസഭയിൽ പരിഗണിക്കുന്നതു സംബന്ധിച്ച് ചർച്ച ചെയ്യേണ്ടതുണ്ടെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. നിലവിൽ ജനപ്രതിനിധിയെ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ ജനങ്ങള്‍ക്കുവേണ്ടി നിയമസഭയിൽ ചോദ്യം ചോദിക്കേണ്ട ചുമതല അവര്‍ക്കാണ്. അതിലുപരിയായി എന്തുകൊണ്ട് ജനങ്ങള്‍ക്കു സഭയില്‍ നേരിട്ടു ചോദ്യം ചോദിക്കാനുള്ള ഒരു ചെറിയ സമയം അനുവദിച്ചു കൊടുത്തുകൂടാ എന്നൊരു ചിന്ത തനിക്കുണ്ടെന്നും അദ്ദേഹം ദീപികയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് കോട്ടയത്ത് ദീപിക കേന്ദ്ര ഓഫീസിൽ സന്ദർശനത്തിന് എത്തിയതായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ.
വലിയ കെട്ടിടത്തില്‍ പരമാവധി സൗകര്യങ്ങളുടെ സ്ഥലത്ത് ഒതുങ്ങിക്കൂടേണ്ടതല്ല ജനപ്രതിനിധിസഭ. അതു ജനങ്ങളിലേക്ക് ഇറങ്ങണം. നിലവിൽ ഒരു മണിക്കൂർ ചോദ്യോത്തരവേളയുണ്ട്. അതുകൂടാതെ ജനങ്ങളുടെ നേരിട്ടുള്ള ചോദ്യം സഭയ്ക്കു പരിഗണിക്കാൻ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്. എങ്കിലും ഇതൊക്കെ ചര്‍ച്ചകള്‍ക്കുശേഷം തീരുമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.
? കേരള നിയമസഭയില്‍ ഇപ്പോള്‍ യുഡിഎഫിന് മികച്ച ഭൂരിപക്ഷമുണ്ട്. പ്രതിപക്ഷനിരയും അത്ര മോശമല്ല. സ്പീക്കറെന്ന നിലയില്‍ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടോ?
നിയമസഭയെ സംബന്ധിച്ച് ഒരു സ്പീക്കറുടെ ഏറ്റവും വലിയ ഗൈഡ് ലൈന്‍ എന്നു പറയുന്നത് ഒരു റൂള്‍ ബുക്കാണ്. ആ റൂള്‍ ബുക്ക് ഭൂരിപക്ഷ-ന്യൂനപക്ഷമനുസരിച്ച് മാറുന്നതല്ല. അതനുസരിച്ച് പോകുക എന്നുള്ളതാണ് സ്പീക്കറുടെ ചുമതല. നിയമസഭയിലെ ഏറ്റവും അവസാന വാക്ക് സ്പീക്കറുടേതാണ്. അതനുസരിച്ച് മുന്നോട്ടു പോകുമ്പോഴും അതു നീതിബോധത്തോടെ ചെയ്യണം. അതു കൃത്യമായി ചെയ്യുക എന്നതാണ് എന്റെ മനസിലുള്ള ചിന്ത.
? ഇത്തവണ ഒരു ബിജെപി നിരകൂടി സഭയിലുണ്ട്. അവരെയും പരിഗണിക്കേണ്ടിവരില്ലേ?
തീര്‍ച്ചയായും. സഭയിലെ അധ്യക്ഷന്റെ ആദ്യ ചുമതല നെസസറ്റീസ് പാസാക്കിക്കൊടുക്കുക എന്നുള്ളതാണ്. അതേസമയം സഭയില്‍ നമ്മള് എടുക്കുന്ന നടപടികള്‍ അംഗസംഖ്യ അനുസരിച്ചല്ലല്ലോ ചെയ്യുന്നത്. അവര്‍ക്കു ലഭിക്കേണ്ട അര്‍ഹമായ സ്ഥാനം മാന്യമായി കൊടുക്കുക എന്നുള്ളതാണ്. അതല്ലേ എനിക്കു ചെയ്യാന്‍ സാധിക്കൂ. ഞാന്‍ മുമ്പ് പറഞ്ഞിട്ടുള്ളതുപോലെ എപ്പോഴും റിയാക്ഷന് ഉണ്ടാകുന്നത് ആക്ഷനു ശേഷമായിരിക്കും. ആക്ഷന്‍ പോസിറ്റീവാണെങ്കില്‍ റിയാക്ഷനും പോസിറ്റീവായിരിക്കും.
? കേരള നിയമസഭയിലെ ഡയസ് ഒരുപാട് കലാപത്തിനു വേദിയായതാണ്. അതൊക്കെ പ്രതീക്ഷിക്കുന്നുണ്ടോ?
അതുണ്ടാകരുതെന്നാണ് എന്റെ താത്പര്യം. നിയമസഭയ്ക്കകത്തെ ഏറ്റവും പ്രധാന കാര്യം നിയമത്തെ വ്യാഖ്യാനിക്കുകയും നിയമപരമായി പെരുമാറുകയും ചെയ്യുക എന്നുള്ളതാണ്. ശബ്ദഘോഷംകൊണ്ടും മസില്പവറുകൊണ്ടും നിയമസഭയെ കീഴ്പെടുത്താന്‍ സാധിക്കില്ലല്ലോ. അതിനു കൂട്ടുനില്‍ക്കാനും പറ്റില്ലല്ലോ. ആ ഒരു പോയിന്റാണ് നമുക്കുള്ളത്. ഓരോരുത്തര്‍ക്കും നല്കുന്ന സമയമനുസരിച്ച് അവര്‍ക്കു പറയാനുള്ള കാര്യം പറഞ്ഞുതീര്‍ക്കാന്‍ സാധിക്കും. മാത്രമല്ല നിയമസഭയുടെ ഒരു പ്രത്യേകത അവിടെ വ്യത്യസ്ത അഭിപ്രായമുള്ളവരുണ്ടായിരിക്കും എന്നതാണ്. ഒരു പ്രശ്നത്തെ സംബന്ധിച്ച് എല്ലാവരും ഒരേ പോയിന്റില്‍ വരണമെന്നു ശഠിക്കാന്‍ പറ്റുമോ? വ്യത്യസ്താഭിപ്രായം മാനിച്ചുകൊണ്ട് മുന്നോട്ടു പോകാന്‍ സാധിക്കും.
? ജനപ്രതിനിധികള്‍ നിയമസഭയിൽ പലപ്പോഴും വളരെ മോശമായി പെരുമാറുന്ന സാഹചര്യം നാം കണ്ടിട്ടുണ്ട്. വിദ്യാസമ്പന്നരായ നിരവധി പുതുമുഖങ്ങള്‍ കടന്നുവന്നിരിക്കുന്ന ഈ സഭയില്‍ അതിനൊക്കെ മാറ്റം വരുമോ?
തീര്‍ച്ചയായും. വിദ്യാസമ്പന്നതയുടെ മികവുകൊണ്ട് ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു സംസ്ഥാനമാണല്ലോ കേരളം. പുതിയ സഭയിൽ 140ല്‍ 71 പേര് പുതിയ അംഗങ്ങളാണ്, ചെറുപ്പക്കാരാണ്. അവരെ നിയമസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കു പ്രാപ്തരാക്കണം. അവര്‍ക്ക് പരിശീലനത്തെക്കാളുപരിയായി ഇന്ററാക്ഷനുള്ള സമയം കൊടുക്കും. സംശയങ്ങള്‍ ദൂരീകരിച്ചു കൊടുത്ത് മികച്ച സാമാജികരാക്കി മാറ്റാന്‍ ശ്രമിക്കും. തങ്ങളുടെ പ്രവൃത്തികൾ ലോകം മുഴുവൻ കാണുന്നുണ്ടെന്ന ബോധ്യം ജനപ്രതിനിധികൾക്കും വേണം.
? സ്പീക്കറുടെ രാഷ്ട്രീയത്തെക്കുറിച്ച്?
സ്പീക്കര്‍ നിയമസഭയില്‍ അരാഷ്ട്രീയവാദിയായിരിക്കണം എന്നു പറയുന്നത് ശരിയല്ല. അതിലുപരിയായി പോസിറ്റീവ് എനര്‍ജി പകര്‍ന്നുകൊടുക്കാന്‍ പ്രാപ്തിയുള്ളവരായിരിക്കണം. കേരളത്തിലെ നിയമസഭാ സ്പീക്കര്‍മാരുടെ പശ്ചാത്തലമെടുത്താല്‍ അവരാരും അവരുടെ രാഷ്ട്രീയപാര്‍ട്ടികളോടുള്ള പ്രതിബദ്ധത ഉപേക്ഷിച്ചതായി കേട്ടിട്ടില്ല. സ്പീക്കറുടെ രാഷ്ട്രീയതാത്പര്യവും നീതിയുക്തമായ തീരുമാനങ്ങളും രണ്ടും രണ്ടാണ്. നീതിബോധത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് സ്പീക്കറുടെ രാഷ്ട്രീയം തടസമാകാതിരുന്നാല്‍ മതി. നമ്മുടെ സമീപനം നീതിബോധത്തോടെയായിരിക്കണം. ഇത്തവണത്തെ നിയമസഭ പല നല്ല കാര്യങ്ങളിലും റിക്കാര്‍ഡ് ഉണ്ടാക്കുന്ന ഒരു സഭയാക്കി മാറ്റാന്‍ പറ്റുമെന്നുള്ളതാണ് പ്രതീക്ഷ.